2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ഹോസ്ദുർഗ് ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്ഘാടനം

കവിത പഠിപ്പിക്കാന്‍ കവി നേരിട്ടെത്തി; ആവേശത്തോടെ വിദ്യാർത്ഥികൾ
കാലിച്ചാനടുക്കം:
പാഠപുസ്തകത്തിലെ കവിത പഠിപ്പിക്കാന്‍ കവി നേരിട്ടെത്തിയത് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്ന ഹോസ്ദുർഗ് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിലാണ് പ്രശസ്ത കവിയായ വീരാൻ കുട്ടിയിൽ നിന്ന് കുട്ടികൾ കവിത നേരിട്ട് പഠിച്ചത്.മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ നക്ഷത്രവും പൂവും എന്ന കവിതയുടെയും എട്ടാം ക്ലാസിലെ അതിജീവനം എന്ന കവിതയുടെയും സ്രഷ്ടാവായ കവിയിൽ  നിന്നും കവിത  പഠിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യാനുഭവമായി.സർഗാത്മകതയിലൂടെ മനസിനെ നവീകരിച്ച് പുതിയ ലോകം നമ്മളിൽ നിന്നും നഷ്ടപ്പെടുത്തുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയണമെന്ന് എഴുത്തുകാരൻ ഓർമ്മപ്പെടുത്തി.സ്മാരകം, അതിജീവനം, ആശ്ലേഷം, അരുതേ, പ്രണയ മുന്തിരി ,നക്ഷത്രവും പൂവും എന്നീ ബിംബങ്ങളുടെ കരുത്തുകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടും ഹൃദ്യമായ സ്വന്തം കവിതകൾ  അവതരിപ്പിച്ച് അവയിലെ പ്രകൃതിയെയും പ്രണയത്തെയും അതിജീവനത്തെയും കുറിച്ച് കുട്ടികളുമായി സംവദിച്ചതും ശ്രദ്ധേയമായി.ചടങ്ങിൽ ഹോസ്ദുർഗ് എ.ഇ.ഒ പി.വി.ജയരാജൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ,
 സന്തോഷ് കുമാർ ചെറുപുഴ എന്നിവർ ആശംസയർപ്പിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാരംഗം കൺവീനർ കെ.രാജൻ സ്വാഗതവും വി.വി. മിനി നന്ദിയും പറഞ്ഞു.



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ