2019, ജൂൺ 26, ബുധനാഴ്‌ച

വായനാവാര സമാപനം

വായനാ വാരാചരണത്തിന്റെ സമാപനത്തിൽ കൈ നിറയെ സമ്മാനങ്ങളുമായി കുട്ടികൾ:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടക്കുത്ത് വായനാ വാരാചരണത്തിന്റെ സമാപനത്തിൽ കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ .. ഒരാഴ്ച നീണ്ടു നിന്ന വായനാ വാരാചരണത്തിൽ വിവിധ പരിപാടികൾ അരങ്ങേറി .ആനുകാലിക വായന, ലൈബ്രറി സന്ദർശനം ,കൈയ്യെഴുത്ത് മത്സരം, വായനാ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നല്കി. വിദ്യാരംഗം ക്ലബ്ബിന്റെ  കോ ഓർഡിനേറ്റർ വിവി മിനി പരിപാടികൾക്ക് നേതൃത്വം നല്കി. വായനാ വാരത്തിന്റെ ഉദ്ഘാടനം നടത്തിയത് എഴുത്തുകാരൻ സന്തോഷ് ചെറുപുഴയാണ്.






2019, ജൂൺ 25, ചൊവ്വാഴ്ച

അക്കാദമിക കലണ്ടർ പ്രകാശനം

മികച്ച പ്രവർത്തനത്തിന് അക്കാദമിക കലണ്ടർ:
കാലിച്ചാനടുക്കം:-2019 -20 അക്കാദമിക വർഷത്തെ പ്രവർത്തന പദ്ധതികൾ ഏകോപിപ്പിച്ചു കൊണ്ട് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം തയ്യാറാക്കിയ അക്കാദമിക കലണ്ടർ വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പ്രകാശനം ചെയ്തു.
ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് പ്രകാശൻ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു.വി.കെ .ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു .ഒരു വർഷം നടത്തേണ്ട അക്കാദമികവും അക്കാദമി കേതരവുമായ പദ്ധതികൾ ഉൾച്ചേർത്തതാണ് കലണ്ടർ സ്കൂൾ എസ് ആർ ജി യിലാണ്  കലണ്ടർ രൂപകല്പന തയ്യാറായത്.

പേനക്കൂട്ടായ്മ

പേനക്കൂട്ടായ്മ
..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പേനക്കൂട്ടായ്യക്ക് തുടക്കമായി.
ഹരിത കേരളം മിഷൻ കാസർഗോഡ് കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉപയോഗം കഴിഞ്ഞപേനകൾ ശേഖരിച്ച് ഒരു കൂടയിൽ നിക്ഷേപിക്കുകയും അത് വിറ്റ് കിട്ടുന്ന തുക പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.കെ.ഭാസ്കരൻ ,പി.വിജയകൃഷ്ണൻ ,എ.വി.നിർമ്മല ,എം.വി.ആശഎന്നിവർ സംസാരിച്ചു.

യോഗദിനം

യോഗദിനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ക്ലാസെടുത്തു. അധ്യാപകരായ വസന്ത രാജ്, നിർമ്മല എന്നിവർ യോഗ പരിശീലനം നൽകി.

2019, ജൂൺ 20, വ്യാഴാഴ്‌ച

വായനാപക്ഷാചരണം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

അക്ഷരദീപം കൊളുത്തി വായനയുടെ വെളിച്ചത്തിലേക്ക് ........
കാലിച്ചാനടുക്കം:  കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിൽ ഈവർഷത്തെ വായനാ പക്ഷാചരണ പരിപാടികളും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവുംപ്രശസ്ത എഴുത്തുകാരൻ സന്തോഷ് കുമാർ ചെറുപുഴ അക്ഷരദീപം കൊളുത്തി നിർവ്വഹിച്ചു. രസകരമായ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും കുഞ്ഞുമനസുകളിൽ അക്ഷരാർത്ഥത്തിൽ വായനയുടെ ദീപം കൊളുത്തിയ പരിപാടിയിൽ സ്ക്കൂൾ വിദ്യാരംഗം കോഡിനേറ്റർ മിനി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷതയും വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ,സീനിയർ അസിസ്റ്റന്റ് എം.വി.ആശ, ഗ്രാമീണ വായനശാല സെക്രട്ടറി എ.വി മധു, വിഷ്ണു സി.നമ്പ്യാർ എന്നിവർ സംസാരിച്ചു.വി.കെ.ഭാസ്കരൻ നന്ദി പറഞ്ഞു. വായനാ വാരത്തോടനുബന്ധിച്ച് ഡിജിറ്റൽ മാഗസിൻ, ലൈബ്രറി കാർഡ് വിതരണം, ക്ലാസ് ലൈബ്രറി ശാക്തീകരണം, വായനശാല സന്ദർശനം, പരിസ്ഥിതി വായന പതിപ്പ് നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തുന്നത്.






സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങൾ ശേഖരിച്ച പുസ്തകങ്ങൾ സ്കൂളിലേക്ക് കൈമാറി

ചങ്ങമ്പുഴയ്ക്ക് വിദ്യാർത്ഥികളുടെ സ്മരണാഞ്ജലി


അനശ്വര ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനത്തിൽവിദ്യാരംഗം ക്ലബ്ബ് സ്മരണാഞ്ജലിയർപ്പിച്ചു.കാവ്യനർത്തകിയെന്ന കവിതയുടെ നൃത്താവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു.അനുസ്മരണ പ്രഭാഷണവും നടത്തി







2019, ജൂൺ 16, ഞായറാഴ്‌ച

നാട്ടു മാന്തോപ്പ് നിർമ്മിക്കാൻ പരിസ്ഥിതി സേന

നാട്ടു മാന്തോപ്പ് നിർമിക്കാൻ പരിസ്ഥിതി സേന
കാലിച്ചാനടുക്കം ,,,,
ഹരിത കേരളം മിഷൻ കാസർഗോഡ് ജില്ലയുടെ ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി ക്ലബ്ബ് ,കോടോംബേളൂർ പഞ്ചായത്തിലെ നരോത്ത് കാവിൽ നാടൻ മാന്തോപ്പ് പരിപാടിക്ക് തുടക്കം കുറിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ വായു മലിനീകരണം ചെറുക്കുക എന്ന ലക്ഷ്യമുൾക്കൊണ്ടാണ് വിദ്യാലയം പ്രവർത്തനം ഏറ്റെടുത്തത്.
മധ്യവേനലവധിക്കാലത്ത് വിദ്യാലയത്തിൽ നടന്ന മാമ്പഴമധുരം പരിപാടിയുടെ ഭാഗമായി ശേഖരിച്ച മാവിന്റെ വിത്തുകൾ ശേഖരിച്ച് തൈ ഉണ്ടാക്കിയും കുട്ടികളുടെ വീട്ടിൽ മാവിൻതൈ ഉണ്ടാക്കി യുമാണ് തൈകൾ ഉല്പാദിപ്പിച്ചത്.അന്യം നിന്നുപോകുന്ന മാമ്പഴ ഇനങ്ങളായ കിളിച്ചുണ്ടൻ മാങ്ങ, മൂവാണ്ടൻ ,പഞ്ചസാര മാങ്ങ,ഗോമാങ്ങ, പുളിയൻ മാങ്ങ ഈമ്പി ക്കുടിയൻമാങ്ങ ,കപ്പ മാങ്ങ ,കുഞ്ഞിമംഗലം മാങ്ങ ,നമ്പ്യാർ മാങ്ങ തടങ്ങിയവയുടെ തൈകൾനരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര സ്ഥലത്ത് ഉത്സവാന്തരീക്ഷത്തിൽ ക്ഷേത്ര ഇളയച്ഛൻ പി.വി.കുഞ്ഞികൃഷ്ണൻ ,ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,പി ടി എ പ്രസിഡന്റ് പി വി ശശിധരൻ ,ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി വി സുരേഷ് അധ്യാപകരായ ആശ എം വി ,ഭാസ്കരൻ വി കെ ,വിജയകൃഷ്ണൻ പി എന്നിവർ സംസാരിച്ചു.  ഡ്രീം മേക്കേർസ് ക്ലബ്ബ് നരോത്ത് ,സ്കൗട്ട് ആന്റ് ഗൈഡ്സ് കാലിച്ചാനടുക്കം എന്നിവർ പ്രവർത്തനത്തിൽ പങ്കാളിയായി.. ക്ഷേത്രസമിതി കുട്ടികൾക്ക് ലഘുഭക്ഷണം നല്കി.






'


നിറയെ സമ്മാനങ്ങൾ നൽകി രവി മാഷ്: '....

നിറയെ സമ്മാനങ്ങൾ നല്കി
രവി മാഷ് കാലിച്ചാനടുക്കം സ്കൂൾ പടിയിറങ്ങി.
24 വർഷമായി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പ്രൈമറി അധ്യാപകനായി ജോലി ചെയ്തു വന്ന രവി മാസ്റ്റർ ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ച് പോകുമ്പോൾ താൻ കണ്ട് വളർന്ന, വളർത്തിയ വിദ്യാലയത്തിന് നല്കിയത് സമ്മാനങ്ങളുടെ കൂമ്പാരം.
നൂറോളം ചെടിച്ചട്ടികളും ചെടികളും നല്കിയത് കൂടാതെ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും താൻ വരച്ച ചിത്രങ്ങൾ ഓർമക്കായ് നല്കി.പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസ മധുരം നല്കിയതു കൂടാതെ വിദ്യാലയത്തിന്റെ ചുമരുകയിൽ പ0ന സംബന്ധമായ ചിത്രങ്ങൾ ആലേഖനം ചെയ്യുക വഴി ക്യാമ്പസ് തന്നെ ഒരു പാഠ പുസ്തകമാക്കുകയാണ് അദ്ദേഹം ചെയ്തത്. വിദ്യാലയത്തിൽ ഒരു സ്ഥിരം കർട്ടൻ കൂടി അദ്ദേഹം സംഭാവന നല്കി.

ഞാവൽ തൈ നട്ട് സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം




കർഷക സ്നേഹിയായ ഓഫീസ് ജീവനക്കാരൻ

കർഷക സ്നേഹിയായ ഓഫീസ് ജീവനക്കാരൻ:
കാലിച്ചാനടുക്കം :- ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ഓഫീസ് ജീവനക്കാരനായ രവി.കെ ഓഫീസ് ജോലിക്കു പുറമെ ആനന്ദം കണ്ടെത്തുന്നത് സ്കൂൾ മുറ്റത്ത് ചെയ്യുന്ന കൃഷിയിലാണ്.കഴിഞ്ഞവർഷം നട്ട പപ്പായ, കറിവേപ്പില ,മുരിങ്ങ എന്നിവ ഒരു വർഷം കൊണ്ടു തന്നെ മികച്ച രീതിയിൽ വളർന്നു വന്നു. പപ്പായ ധാരാളം ഫലം തരികയും വിദ്യാലയത്തിലെ പ0ന ക്യാമ്പുകളിലും കുട്ടികളുടെ ഭക്ഷണത്തിലും ഉൾപ്പെടുത്തി. വിദ്യാലയത്തിൽ കറിവേപ്പില വാങ്ങാതെ തന്നെ ഈ കൃഷിയിൽ നിന്നും ഇലകൾ ഉപയോഗിക്കാൻ കഴിയുന്നു. ഈ ചെടികളെ ഇക്കഴിഞ്ഞ കഠിന വേനലിൽ ജലം നല്കി പരിപാലിച്ച രവി.കെ ക്ക് ഈ പച്ചപ്പ് മനസ്സിനും കുളിർമ നല്കുന്നു. വിദ്യാലയത്തിൽ വരുന്ന ആരെയും ആകർഷിക്കുന്നതാണ് ഈ ഹരിത ഉദ്യാനം

നല്ലപാഠം ഹരിതവിദ്യാലയം

ഇലഞ്ഞി തൈ നട്ട് നല്ല പാഠം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങക്ക് ഇലഞ്ഞി തൈ നട്ട്
തുടക്കം കുറിച്ചു.
ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ തൈ നട്ടു.
പി സരോജിനി, പദ്മനാഭൻ
ആശ, രവി എന്നിവർ പങ്കെടുത്തു. കോഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി

കപ്പകൃഷിയൊരുക്കം.

നല്ലപാഠം, SCout &guide യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിന് സമീപത്തെ രണ്ടു പറമ്പുകളിലായി 350 തടം കപ്പ നട്ടു.കോഡിനേറ്റർമാരായ വി.കെ.ഭാസ്കരൻ ,എം.ശശിലേഖ, എം.മോഹനൻ എന്നിവർ നേതൃത്വം നൽകി

നവാഗതരെ വരവേല്ക്കാൻ തൊപ്പി നിർമ്മാണം

സ്കൗകൗട്ട് ആൻറ് ഗൈഡ്സ് കുട്ടികൾ നിർമ്മിച്ചവർണ്ണത്തൊപ്പികൾനവാഗതരെ വരവേൽക്കാൻ വർണ്ണ തോപ്പികളുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വർണ്ണ തൊപ്പികൾ തയ്യാറാക്കി.
വി കെ ഭാസ്കരൻ പി സരോജിനി, സമീറ എന്നിവർ നേതൃത്വം നൽകി.
കുരുന്നുകൾക്ക് നല്കാൻ കുട, സ്ലേറ്റ്, കളറിങ്ങ് പുസ്തകം, ക്രയോൺ എന്നിവ പി ടി എ യുടെ നേതൃത്വത്തിൽ  തയ്യാറാക്കിയിട്ടുണ്ട്.




ക്ലാസ് ലൈബ്രറി

പ്രവേശനോത്സവത്തിന് വിദ്യാലയമൊരുങ്ങി.
കാലിച്ചാനടുക്കം:
ജൂൺ ആറിന് വിദ്യാലയം തുറക്കുമ്പോൾ ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിലെ കുട്ടികൾക്ക് ഒരു സമ്മാനം വിദ്യാലയം ഒരുക്കി വെച്ചിട്ടുണ്ട്. അക്ഷരമുത്തുകൾ ശേഖരിക്കുന്നതിനുള്ള  വായനശാലയുടെ തുറന്ന അലമാരയാണ് കുട്ടികളെ കാത്തിരിക്കുന്നത്.21 ക്ലാസ്സ് മുറികളിലേക്കായ് 35000 രൂപയോളമാണിതിന്റെ ചെലവ്.പി ടി എ യോടൊപ്പം പൂർവ്വ വിദ്യാർത്ഥി ബാച്ചിന്റെ സഹകരണവും ഇതിനുണ്ട്.ഇതിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ നിർവ്വഹിച്ചു.എസ് എം സി ചെയർമാൻ സി.മധു അധ്യക്ഷനായി. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.എസ് ആർ ജി കൺവീനർ കെ.വി.പത്മനാഭൻ സംസാരിച്ചു. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിശ്രമവേളയിൽ എടുത്തു പയോഗിക്കാനും ആവശ്യമെങ്കിൽ വീട്ടിൽ കൊണ്ടുപോകാനും സാധിക്കും. ക്ലാസ്സ് ലൈബ്രേറിയനാണ് ഇതിന്റെ ചുമതല. കുട്ടികൾ പിറന്നാൾ സമ്മാനമായി നല്കുന്ന പുസ്തകങ്ങൾ ഇനി മുതൽ ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വായിക്കാനും അതിനെ സംബന്ധിച്ചുള്ള ആസ്വാദന ചർച്ചകളിലും പങ്കെടുക്കാൻ കഴിയും.

പ്രവേശനോത്സവം - 2019 ജൂൺ 6

പ്രവേശനോത്സവം 2019
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ
ഈ വർഷത്തെ പ്രവേശനോത്സവം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടന്നു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉണ്ടാക്കിയ വർണ്ണത്തൊപ്പിയും ബലൂണുകളും നൽകി നവാഗതരെ ഘോഷയാത്ര യായി സ്വീകരിച്ചു.
തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം നടന്നു.
പ്രീ പ്രൈമറി, up ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് പങ്കെടുത്തത്.
ഉദ്ഘാടനം വാർഡ് മെമ്പർ മുസ്തഫ തായന്നൂർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പതിമൂന്നാം വാർഡ് മെമ്പർ എം അനീഷ്കുമാർ, പി ടി എ വൈസ് പ്രസിഡന്റ്‌ പ്രകാശൻ അയ്യങ്കാവ്
മദർ പി ടി എ പ്രസിഡന്റ്‌ എ അംബിക, മുൻ എസ് എം സി ചെയർമാൻ അഷ്‌റഫ്‌ കൊട്ടോടി, സ്റ്റാഫ് സെക്രട്ടറി പി രവി, സീനിയർ അസിസ്റ്റന്റ് സിബി, വി കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.
നവാഗതരായ പ്രീ പ്രൈമറി. ഒന്നാം ക്ലാസ്സ്കാർ എന്നിവർക്കുള്ളകുട, സ്ലേറ്റ്, കളറിംഗ് ബുക്ക്‌, ക്രയോൺ എന്നിവ നൽകി. അബൂബക്കർ, സലാം, അസീസ്, വി കെ ഭാസ്കരൻ എന്നിവർ  കുടകളും   തുളസിദാസ്‌. വിനോദ് മയ്യങ്ങാനം എന്നിവർ സ്ലേറ്റ്. സ്റ്റാഫിന്റെ വകയായി കളറിംഗ് ബുക്ക്‌ ക്രയോൺ സ്പോൺസർ ചെയ്തു. കാലിച്ചാനടുക്കം ജമാ അത്ത് കമ്മിറ്റി ലഡ്ഡു നൽകി. സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ആയി പ്രമോഷൻ കിട്ടി പോകുന്ന രവി മാസ്റ്റർ പായസം നൽകി.













and